ഭരണനിഘണ്ടു

വൈജ്ഞാനികഭാഷ, ഭരണഭാഷ എന്നീ നിലകളിൽ സ്വതന്ത്രനിലനിൽപ്പുള്ള ഭാഷയാണ് മലയാളം എന്ന തിരിച്ചറിവ് മലയാളസമൂഹത്തിന് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് എല്ലാ വൈജ്ഞാനികമേഖലകളും മലയാളമാധ്യമത്തിൽ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനമാണ് മലയാളസർവകലാശാല. കേരളത്തിലെ എല്ലാ സർവകലാശാലകൾക്കും ഭരണനിർവ്വഹണത്തിന് ഉപയോഗിക്കാൻ കഴിയുന്ന പദാവലി നിർമ്മിക്കേണ്ടത് ഭാഷയ്ക്കുവേണ്ടിയുള്ള സർവകലാശാല എന്ന നിലയിൽ മലയാളസർവകലാശാലയുടെ കർത്തവ്യമാണ്. ഇത്തരത്തിലൊരു ഭരണസാങ്കേതികപദാവലി എല്ലാ സർവകലാശാലകൾക്കും പ്രയോജനകരമായിരിക്കും. ഇത് മലയാളസർവകലാശാലയുടെ ഔദ്യോഗികഭരണസാങ്കേതികപദാവലി ആയി മാറുകയും കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും ഭരണഭാഷാസാങ്കേതികപദാവലിയായി അംഗീകരിക്കപ്പെടുകയും ചെയ്യുകവഴി വ്യവഹാരഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായി മാറും.